11/30/2011

Chicken Mappas


തയ്യാറാക്കുന്ന വിധം
1..ചിക്കന്‍ കഷണങ്ങളില്‍ മഞ്ഞള്‍ പൊടി, കുരുകുളക് പൊടി, ഗരം മസാല, ഉപ്പു എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കുക. 
2. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി രണ്ടു കഷണം ഗ്രാമ്പൂ, ഒരു കഷണം കറുവപ്പട്ട, ഒരു ഏലക്ക, ഒരു തക്കോലം(Star Anise) എന്നിവ വഴറ്റുക. 
3.. മസാലകള്‍ വഴറ്റിയ ശേഷം അതിലേക്കു സവാള ഇടുക. ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. അതിലേക്കു നീളത്തില്‍ അരിഞ്ഞ ഒരു കഷണം ഇഞ്ചി, നാലു അല്ലി വെളുത്തുള്ളി, നാലു കഷണം വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. 
4.. ഇതിലേക്ക് കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, നാലു സ്പൂണ്‍ മല്ലിപൊടി, നാലു സ്പൂണ്‍ ഗരം മസാല എന്നിവ വഴറ്റുക
5. എല്ലാ കൂട്ടും നന്നായി വഴന്ന ശേഷം അതിലേക്കു തക്കാളി അരിഞ്ഞത്‌ ചേര്‍ത്ത് വഴറ്റുക. മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇതിലേക്ക് ഇടുക.
6.. കഷണങ്ങള്‍ ഇട്ടു ശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കുക. വെന്തു കഴിയുമ്പോള്‍ അഞ്ചു കഷണം കശുവണ്ടി പരിപ്പ് അരച്ചതും ചേര്‍ക്കുക. 
7.ഒരു ഗ്ലാസില്‍ തേങ്ങയുടെ ഒന്നാം പാല്‍, ഒരു സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. 

8.കഷണങ്ങള്‍ നന്നായി വെന്തു ചാറ് കുറുകുമ്പോള്‍ തേങ്ങയുടെ ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങാം. 

11/28/2011

Devild Chicken (Srilankan Dish)

വേണ്ട സാധനങ്ങള്‍
ചിക്കന്‍ കഷണങ്ങള്‍ എല്ലില്ലാത്തത്- ഒരു കപ്പു
തക്കാളി അരിഞ്ഞത്- ഒന്ന്
ഇഞ്ചി അരിഞ്ഞത്- ഒരു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്- ഒരു സ്പൂണ്‍
സവാള ചതുരത്തില്‍ അരിഞ്ഞത്-കാല്‍ കപ്പു
പച്ചമുളക് അരിഞ്ഞത്- രണ്ടെണ്ണം
കാപ്സിക്കം ചതുരത്തില്‍ അരിഞ്ഞത്- കാല്‍ കപ്പു
സോയ സോസ്-കാല്‍ ടീസ്പൂണ്‍
ചില്ലി സോസ്- കാല്‍ ടീസ്പൂണ്‍
കൊണ്ഫ്ലാവര്‍-ഒരു സ്പൂണ്‍
കുരുമുളക് പൊടി -രണ്ടു സ്പൂണ്‍
ഉപ്പു-പാകത്തിന്

വെള്ളം- കുറച്ചു
വിനാഗിരി- ഒരു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങള്‍ കൊണ്ഫ്ലാവര്‍, ഉപ്പു, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വറുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളകു, വെളുത്തുള്ളി, തക്കാളി, കാപ്സിക്കം എന്നിവ ഓരോന്നായി വഴറ്റുക. ഇതിലേക്ക് സോയ, ചില്ലി സോസുകള്‍ ചേര്‍ക്കുക. വിനാഗിരി, ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം വറുത്ത ചിക്കന്‍ കഷണങ്ങള്‍ ഇടുക. ഒന്ന് ഇളക്കിയ ശേഷം രണ്ടു സ്പൂണ്‍ വെള്ളം ഒഴിച്ച് ഒന്ന് ഇളക്കിയ ശേഷം വാങ്ങാം. 


(കടപ്പാട്: ഏഷ്യാനെറ്റ്‌ ഫുഡ് പാത്ത്) 

11/23/2011

Bambu rice puttu

വേണ്ട സാധനങ്ങള്‍
മുള അരി പൊടിച്ചു വറുത്തത്-ഒരു കപ്പു
തേങ്ങ ചിരകിയത്- അര കപ്പു
ഉപ്പു-പാകത്തിന്
വെള്ളം- ആവശ്യത്തിനു


ഉണ്ടാക്കുന്ന വിധം

പൊടി, ഉപ്പു പാകത്തിന് വെള്ളം എന്നിവ ചേര്‍ത്ത് തിരുമ്മുക. അതിലേക്കു തേങ്ങ ചിരകിയതും കൂടി ചേര്‍ത്ത് ആവിയില്‍ വേവിക്കുക. 

11/16/2011

Beef Cutlet

ബീഫ് -ഒരു കിലോ
സവാള- ആറെണ്ണം
ഇഞ്ചി-മൂന്നു കഷണം
പച്ചമുളക്- ആറെണ്ണം
ഉരുളക്കിഴങ്ങ്- അര കിലോ
മഞ്ഞള്‍ പൊടി-കാല്‍ സ്പൂണ്‍
ഗരം മസാല- നാലു സ്പൂണ്‍
ഉപ്പു- പാകത്തിന്
കോഴി മുട്ട- നാലെണ്ണം
റൊട്ടി പൊടി-കാല്‍ കപ്പു
കുരുമുളക് പൊടി- രണ്ടു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു


ഉണ്ടാക്കുന്ന വിധം
ബീഫ് വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി മഞ്ഞള്‍ പൊടി, ഉപ്പു, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. തണുത്ത ശേഷം മിക്സിയില്‍ അടിച്ചു മിന്‍സ് ചെയ്തെടുക്കുക. ഉരുളകിഴങ്ങ് നന്നായി വേവിച്ചു ഉടച്ചെടുക്കുക.

ഒരു ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ പൊടിയായി അറിഞ്ഞത് ഓരോന്നായി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വഴന്നു വരുമ്പോള്‍ ഒരു സ്പൂണ്‍ ഗരം മസാല, കുരുമുളക് പൊടി,കറിവേപ്പില,  പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്നും വാങ്ങുക. തണുത്ത ശേഷം   ഒന്ന് കൂടി ഇളക്കി കൈകൊണ്ടു കട്ട് ലറ്റിന്റെ ആകൃതിയില്‍ പരത്തുക. ഒരു പാത്രത്തില്‍ കോഴിമുട്ട പൊട്ടിച്ചു നന്നായി ഇളക്കി വെക്കുക. കോഴി മുട്ടയുടെ വെള്ള മാത്രം എടുത്താല്‍ മതി. ചീനച്ചടിയില്‍ എണ്ണ ചൂടാക്കി കട്ട് ലറ്റ് ആദ്യം മുട്ടയില്‍ മുക്കി വീണ്ടും റൊട്ടി പൊടിയില്‍ മുക്ക് എണ്ണയില്‍ വറുത്തെടുക്കുക. മസലാകൂട്ടില്‍ അല്‍പ്പം കൊണ്ഫ്ലാവര്‍ ചേര്‍ത്താല്‍ കട്ട് ലറ്റ് പൊട്ടാതെ കിട്ടും. 

11/10/2011

Mathanga-parippu curry

വേണ്ട സാധനങ്ങള്‍
മത്തങ്ങാ-അര കിലോ
പരിപ്പ്- കാല്‍ കപ്പു
തേങ്ങ- ഒരു മുറി
വാളന്‍ പുളി- ഒരു കഷണം
മുളകുപൊടി- രണ്ടു സ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
മഞ്ഞള്‍ പൊടി-കാല്‍ സ്പൂണ്‍
കടുക്- ഒരു സ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പു-പാകത്തിന്

ഉണ്ടാക്കുന്ന വിധം
പരിപ്പ് , പച്ചമുളക്, മഞ്ഞള്‍ പൊടി,മുളക് പൊടി  എന്നിവ ചേര്‍ത്ത് വേവിക്കുക. അതിലേക്കു മത്തങ്ങാ കഷണങ്ങള്‍ ഇട്ടു വേവിക്കുക. കഷണം വെന്തു കഴിയുമ്പോള്‍ പാകത്തിന് പുളി പിഴിഞ്ഞ്  ചേര്‍ക്കുക. ഒന്ന് തിളച്ച ശേഷം തേങ്ങ ജീരകം ചേര്‍ത്ത് അരച്ചത്‌ ചേര്‍ത്ത് തിളച്ച ശേഷം പാകത്തിന് ഉപ്പും ചേര്‍ത്ത് വാങ്ങാം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ഇട്ടു താളിച്ച്‌ കറിയില്‍ ഒഴിക്കുക. 

Pappaya mezhukkupuratti



വേണ്ട സാധനങ്ങള്‍
പപ്പായ ചെറിയ കഷണങ്ങള്‍ ആക്കിയത്- ഒരു കപ്പു
മുളക് പൊടി- രണ്ടു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കടുക്- ഒരു സ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
ഉപ്പു- ആവശ്യത്തിനു
എണ്ണ-പാകത്തിന്

ഉണ്ടാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക് ഇട്ടു താളിക്കുക.അതിലേക്കു മുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം പപ്പായ ഇട്ടു അല്‍പ്പം വെളിച്ചെണ്ണയും ഒഴിച്ച് അടച്ചു വേവിക്കുക. വെള്ളം ചേര്‍ക്കരുത്. ഒരു മിനിട്ട് കഴിയുമ്പോള്‍ അല്‍പ്പം എണ്ണ കൂടി ഒഴിച്ച് ഇളക്കി വാങ്ങാം. എണ്ണയില്‍ തന്നെ പെട്ടെന്ന് പപ്പായ വെന്തു കിട്ടും. 

kachil puzhungiyathu

വേണ്ട സാധനങ്ങള്‍
കാച്ചില്‍ കഷണങ്ങള്‍ ആക്കിയത്- അര കിലോ
മുളക് പൊടി -രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പു-പാകത്തിന്
വെളിച്ചെണ്ണ - രണ്ടു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
വെള്ളം തിളച്ച ശേഷം കാച്ചില്‍ ഇട്ടു വേവിക്കുക. പകുതി വേവാകുമ്പോള്‍ ഉപ്പു ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വേവിച്ച കാച്ചില്‍ ഇട്ടു മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. അല്‍പ്പം എണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം. 

10/26/2011

Madhura kizhangu puzhukku

വേണ്ട സാധനങ്ങള്‍
മധുര കിഴങ്ങ്- അരകിലോ
തേങ്ങ ചിരകിയത്- കാല്‍ കപ്പു
വെളുത്തുള്ളി- നാലെണ്ണം
പച്ചമുളക്- രണ്ടെണ്ണം
മഞ്ഞള്‍ പൊടി-കാല്‍ സ്പൂണ്‍
ഉപ്പു-പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
വെളിച്ചെണ്ണ- ഒരു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം


മധുര കിഴങ്ങ് ഉപ്പു ചേര്‍ത്ത് വേവിക്കുക. തേങ്ങ, മഞ്ഞള്‍ പൊടി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ച് വേവിച്ച കിഴങ്ങില്‍ ചേര്‍ക്കുക. നന്നായി ഇളക്കുക. കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങാം. 

10/23/2011

Erachi Puttu(Beef)


വേണ്ട സാധനങ്ങള്‍

പുട്ടിനു വേണ്ട സാധനങ്ങള്‍ 

അരിപൊടി- രണ്ടു കപ്പു
ജീരകം-ഒരു നുള്ള്
ഉപ്പു-പാകത്തിന്
വെള്ളം-ആവശ്യത്തിനു
തേങ്ങ ചിരകിയത്-ഒന്നര കപ്പു

ഇറച്ചി കൂട്ടിനു വേണ്ടവ

ബീഫ് -അര കിലോ
സവാള പൊടിയായി അരിഞ്ഞത്‌-കാല്‍ കപ്പു
ഇഞ്ചി പൊടിയായി അരിഞ്ഞത്‌- രണ്ടു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്‌- നാലു കഷണം
പച്ചമുളക്- രണ്ടെണ്ണം
മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍
മുളകുപൊടി- രണ്ടു സ്പൂണ്‍
കുരുമുളകുപൊടി- ഒരു സ്പൂണ്‍
ഇറച്ചി മസാല- രണ്ടു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- ആവശ്യത്തിനു
ഉപ്പു-പാകത്തിന്

ഉണ്ടാക്കുന്ന വിധം

ആദ്യം പുട്ടുപൊടി ജീരകം പാകത്തിന് ഉപ്പു,വെള്ളം  എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മുക. കൈകൊണ്ടു തിരുമ്മിയ ശേഷം മിക്സിയില്‍ ഒന്ന് അടിചെടുതാല്‍ കട്ട ഇല്ലാതെ നല്ല പൊടിയായി കിട്ടും. ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് യോജിപ്പിക്കുക. കുറച്ചു തേങ്ങ മാറ്റിവെക്കണം.

ബീഫ് ഉപ്പു, മഞ്ഞള്‍ പൊടി,ഇറച്ചി മസാല എന്നിവ ചേര്‍ത്ത് വേവിക്കുക.വേവിച്ച ശേഷം നന്നായി മിന്‍സ് ചെയ്യുക. മിക്സിയില്‍ അടിച്ചാല്‍ മതി.  ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് മഞ്ഞള്‍ പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഇറച്ചി മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് മിന്‍സ് ചെയ്ത ഇറച്ചി ഇട്ടു നന്നായി ഉലര്തിയെടുക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. 

ഇറച്ചി പുട്ട് തയ്യാറാക്കുന്നത്


പുട്ട് കുറ്റിയില്‍  ആദ്യം അല്‍പ്പം തേങ്ങ ഇടുക. രണ്ടാമത് തിരുമ്മി വെച്ച അരിപൊടി ഇടുക. അതിനു ശേഷം ഇറച്ചി കൂട്ട് ഇടുക. ഇങ്ങനെ മാറി മാറി ഇടുക. അവസാനം അല്‍പ്പം തേങ്ങ കൂടി ഇടുക. ആവിയില്‍ വേവിക്കുക. ഇറച്ചി പുട്ട് തയ്യാര്‍. 

10/21/2011

Chicken chathacha mulakittu varuthathu

വേണ്ട  സാധനങ്ങള്‍ 

ചിക്കന്‍ കഷണങ്ങള്‍ ആക്കിയത്- അഞ്ചെണ്ണം
മുളകുപൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി- രണ്ടു സ്പൂണ്‍
ചതച്ച മുളക്-നാലു സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, ജാതിപത്രി, ജീരകം, തക്കോലം, കുരുമുളക്- ഇവ എല്ലാം കൂടി ചതച്ചെടുക്കുക. 
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു
ഉപ്പു-പാകത്തിന്

ഉണ്ടാക്കുന്ന വിധം

ചിക്കെനില്‍ മുളക്, മഞ്ഞള്‍, കുരുമുളക്, ഉപ്പു കാല്‍ സ്പൂണ്‍ ചതച്ച മുളക് എന്നിവ പുരട്ടി വറുത്തെടുക്കുക.ചിക്കെന്റെ എല്ല് കഷണങ്ങള്‍ വേണം ഇതിനു ഉപയോഗിക്കാന്‍.  ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചതച്ച മസാല കൂട്ട് ഇട്ടു വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. അല്പം കുരുമുളക് പൊടിയും ബാക്കി ചതച്ച മുളകും ഇട്ടു ഒന്ന് വഴറ്റുക. അധികം മൂത്ത് പോകരുത്. ഇതിലേക്ക് വറുത്ത ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. ഒരു സ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് കറിവേപ്പിലയും ഇട്ടു വഴറ്റിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. ചതച്ച മുളക് കൂടുതല്‍ ചേര്‍ത്താല്‍ നല്ല എരിവു കിട്ടു, എരിവു കൂടുന്നതാണ് ഇതിന്റെ രുചി.