2/23/2016

Kakkayirachi Thoran (കക്കയിറച്ചി തോരൻ (Clam meat Thoran)



















വേണ്ട ചേരുവകൾ 

കക്കയിറച്ചി -അര കിലോ
തേങ്ങ ചിരകിയത്  -ഒന്നര  കപ്പ്‌
ചെറിയ ഉള്ളി -പത്തെണ്ണം
പച്ചമുളക് -മൂന്നെണ്ണം
വെളുത്തുള്ളി -രണ്ടു വലിയ കഷണം
ഇഞ്ചി -ഒരു കഷണം
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
മുളക് പൊടി -ഒരു ടീസ്പൂൺ
ഗരം മസാല -ഒരു സ്പൂൺ
കുരുമുളക് പൊടി -അര ടീസ്പൂൺ (എരിവ് അനുസരിച്ച് )
കടുക് -കാൽ ടീസ്പൂൺ
വറ്റൽ മുളക് -രണ്ടെണ്ണം
കറിവേപ്പില -രണ്ടു തണ്ട്
ഉപ്പ് -പാകത്തിന്
എണ്ണ -ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം 
കക്കയിറച്ചി വൃത്തിയാക്കിയ ശേഷം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കുക ..തേങ്ങ, വെളുത്തുള്ളി ;ചതച്ചത് , ഇഞ്ചി ചതച്ചത്, പച്ചമുളക് അരിഞ്ഞത്‌, മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല , കുരുമുളക് പൊടി , ചെറിയ ഉള്ളി അരിഞ്ഞത്, പാകത്തിന് ഉപ്പ് (കക്കയിറച്ചിയിൽ ഉപ്പു ചേർത്ത് വേവിച്ചത് കൊണ്ട് അതിനനുസരിച്ച് പാകത്തിന് ഉപ്പു ചേർത്താൽ മതി ) എന്നിവ എല്ലാം കൂടി കൈകൊണ്ടു നന്നായി മിക്സ് ചെയ്യുക . അഞ്ചു മിനിറ്റ് വെക്കുക .
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക് , കറിവേപ്പില എന്നിവ താളിക്കുക . ഇതിലേക്ക് തിരുമ്മി വെച്ച തേങ്ങ കൂട്ട് ചേർത്ത് ഒന്ന് വഴറ്റുക .. ഇതിലേക്ക് വേവിച്ചു വെച്ച കക്കയിറച്ചി വെള്ളം കളഞ്ഞ്  ചേർക്കുക . നന്നായി മിക്സ് ചെയ്ത ശേഷം 10-15 മിനിറ്റ് ചെറിയ തീയിൽ വഴറ്റുക .ക്രിസ്പി പരുവമാകുമ്പോൾ വാങ്ങാം .അധികം ക്രിസ്പി ആകുന്നത്‌ താൽപ്പര്യം ഇല്ലാത്തവർ അഞ്ചോ പത്തോ മിനിറ്റ് വഴറ്റിയാൽ മതിയാകും .


2/22/2016

Chicken with capsicum


ചേരുവകൾ 
ചിക്കൻ ചെറിയ കഷണങ്ങൾ ആകിയത് -അര കിലോ
സവാള -രണ്ടെണ്ണം (ചെറിയ കഷണങ്ങൾ ആക്കിയത് )
വെളുത്തുള്ളി -രണ്ടെണ്ണം -അരിഞ്ഞത്
കാപ്സിക്കം -ഒരെണ്ണം (ചെറിയ കഷണങ്ങൾ ആക്കിയത് )
ചതച്ച കുരുമുളക് -ഒന്നര സ്പൂൺ
പച്ചമുളക് -ഒരെണ്ണം
നാരങ്ങ നീര് -ഒരു സ്പൂൺ
ഉപ്പു -പാകത്തിന്
സോയ സോസ് -ഒന്നര സ്പൂൺ
എണ്ണ -ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം 
ചിക്കൻ കഷണങ്ങളിൽ ഉപ്പ് , കുരുമുളക് , അര സ്പൂൺ നാരങ്ങ നീര് എന്നിവ പുരട്ടി വെയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് ചിക്കൻ വേവിക്കുക..(എണ്ണയിൽ ചെറുതായി വറുത്ത് എടുത്താലും മതിയാകും )..ചീനച്ചട്ടിയിൽ  എണ്ണ ചൂടാക്കി  പച്ചമുളക് , വെളുത്തുള്ളി എന്നിവ വഴറ്റുക .ഇതിലേക്ക് സവാള  ഇടുക ..ചെറുതായി വഴന്നു കഴിയുമ്പോൾ കാപ്സിക്കം ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച (വറുത്ത ) ചിക്കൻ ഇടുക .ചെറുതായി വഴറ്റിയ  ശേഷം സോസ്, കുരുമുളക് എന്നിവ ചേർത്ത് വഴറ്റുക . പാകത്തിന് ഉപ്പു ചേർക്കുക . നാരങ്ങ നീര് ചേർത്ത് ചൂടോടെ ചപ്പാത്തി, റൊട്ടി എന്നിവയ്ക്കൊപ്പം കഴിക്കാം .

2/10/2014

Arabic Chicken Majboos

(ഇത് ഒരു അറബിക് വിഭവം ആണ് .സാധാരണ എരിവു കുറവാണ് .പക്ഷേ ഞാൻ അല്പ്പം മാറ്റങ്ങൾ വരുത്തി അൽപ്പം എരിവ് കൂട്ടിയാണ് ഉണ്ടാക്കിയത് .മജ്ബൂസ് മസാല സുപ്പർ മാർക്കറ്റിൽ ലഭിക്കും.)

ചേരുവകൾ 

ചിക്കൻ വലിയ കഷണം ആക്കി മുറിച്ചത് -ഒരു കിലോ
ബസുമതി അരി -നാലു കപ്പ്‌ 
സവാള അരിഞ്ഞത് -രണ്ടു വലുത്
തക്കാളി അരിഞ്ഞത് -നാലെണ്ണം .
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ -രണ്ടു സ്പൂണ്‍
ഗരം മസാല -ഒരു സ്പൂണ്‍
മജ്ബൂസ് മസാല -4-5 സ്പൂണ്‍
മഞ്ഞൾ പൊടി -കാൽ ടീസ്പൂണ്‍
പച്ചമുളക് -നാലെണ്ണം
(എരിവു അനുസരിച്ച് 4-8 വരെ പച്ചമുളക് ഉപയോഗിക്കാം )
കാരറ്റ് -ഒരു വലുത്
ഉരുളകിഴങ്ങ് -ഒരെണ്ണം
മല്ലിയില -ഒരു പിടി
ഉപ്പു -പാകത്തിന്
എണ്ണ -ആവശ്യത്തിനു
നെയ്യ് -രണ്ടു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം 
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അല്പ്പം മഞ്ഞൾപൊടിയും ഉപ്പും രണ്ടു സ്പൂണ്‍ മജ്ബൂസ് മസാലയും ഒരു സ്പൂണ്‍ ഗരം മസാലയും അല്പ്പം ഇഞ്ചി -വെളുത്തുള്ളി പേസ്റ്റും പുരട്ടി അര മണിക്കൂർ വെക്കുക .ഞാൻ ചിക്കൻ ചെറുതായി ഫ്രൈ ചെയ്ത ശേഷം ആണ് ഉപയോഗിച്ചത് .
പാനിൽ എണ്ണ ചൂടാക്കി സവാള ,ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ എന്നിവ വഴറ്റുക .കാരറ്റ് ,ഉരുളകിഴങ്ങ് ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.അല്പ്പം മഞ്ഞൾപൊടി ,മജ്ബൂസ് മസാല എന്നിവ ചേർക്കുക .നന്നായി വഴറ്റിയ ശേഷം ചിക്കൻ കഷണങ്ങൾ ഇട്ടു വീണ്ടും വഴറ്റിയ ശേഷം തക്കാളി വലിയ കഷണം ആക്കി മുറിച്ചത് എണ്ണയിൽ ഫ്രൈ ചെയ്തു ഇതിലേക്ക് ഇടുക .ചിക്കൻ നന്നായി വെന്തു കഴിഞ്ഞാൽ അല്പ്പം വെള്ളം ചേർക്കുക.മല്ലിയില ചേർക്കുക  .നന്നായി കുറുകിയ ശേഷം ചിക്കൻ കഷണങ്ങളും തക്കാളി കഷണങ്ങളും മുക്കാൽ ഭാഗം മസാലയും ഒരു പാത്രത്തിലേക്ക് മാറ്റുക .ബാക്കി മസാലയിൽ രണ്ടു കപ്പു വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക .ഇതിലേക്ക് ബസുമതി അരി നന്നായി കഴുകി ഇടുക .ഒരു കറുവപ്പട്ട ,രണ്ടു ഗ്രാമ്പൂ,അല്പ്പം ഉപ്പു
എന്നിവ കൂടി ഇട്ടു പാകത്തിന് വേവിക്കുക .അധികം വെന്തു പോകാതെ നോക്കണം .
ഒരു വലിയ പാനിൽ നെയ്യ് ചൂടാക്കി വേവിച്ച ബസുമതി ചോറ് ഇട്ടു ചെറുതായി ഇളക്കിയ ശേഷം ഇതിനു മുകളിലേക്ക് തയ്യാറാക്കിയ ചിക്കനും അല്പ്പം മല്ലിയിലയും വെച്ച് അലങ്കരിക്കുക .ചൂടോടെ സലാഡ് കൂട്ടി കഴിക്കാം .


8/27/2013

Uppu Manga Chammanthi ( Salt Mango Chammanthi)

ചേരുവകൾ 

ഉപ്പു മാങ്ങാ അരിഞ്ഞത് -ഒരെണ്ണം
ചെറിയ ഉള്ളി-അഞ്ചെണ്ണം


ഇഞ്ചി -ചെറിയ കഷണം
കറിവേപ്പില -ഒരു തണ്ട്
പച്ചമുളക് -ഒരെണ്ണം
തേങ്ങ ചിരകിയത് -കാൽ കപ്പു
മുളക് പൊടി / കാന്താരി മുളക് -ഒരു സ്പൂണ്‍ (കാന്താരി മുളക് ആണ് ഉപയോഗിക്കുന്നതെങ്കിൽ അഞ്ചെണ്ണം )

തയ്യാറാക്കുന്ന വിധം 
എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ ചെറുതായി അരച്ചെടുക്കുക . മാങ്ങക്ക് ഉപ്പു ഉള്ളത് കൊണ്ട് നോക്കിയിട്ട് ഉപ്പു വേണമെങ്കിൽ മാത്രം വീണ്ടും ചേർത്താൽ മതി .

Special Mango Chammanthi

ചേരുവകൾ 

അധികം പുളിയില്ലാത്ത മാങ്ങാ അരിഞ്ഞത് -അര കപ്പ്
ചെറിയ ഉള്ളി-പത്തെണ്ണം


വറ്റൽ മുളക് -അഞ്ചെണ്ണം
മല്ലി -അര ടീസ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
ഇഞ്ചി -ചെറിയ കഷണം
കുരുമുളക് -രണ്ടെണ്ണം
ഉപ്പു- ആവശ്യത്തിനു
എണ്ണ -ഒരു സ്പൂണ്‍

 ഉണ്ടാക്കുന്ന വിധം 

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി , വറ്റൽ മുളക് ,മല്ലി എന്നിവ നന്നായി വഴറ്റുക .വഴറ്റിയ  ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക . ഇതിലേക്ക് മാങ്ങാ , ഇഞ്ചി, കുരുമുളക് ,കറിവേപ്പില , ഉപ്പു എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചേർത്ത് കൈകൊണ്ടു നന്നായി ഞരടുക .ചൂട് കഞ്ഞികൊപ്പം വിളമ്പാം ..


(Courtesy: Malayala Manorama Weekly)




7/28/2013

Boiled fish with vegetables (Diet recipe)

കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്ന ഒരു ഡയറ്റ് റെസിപി ആണ് ഇത്. മസാലകൾ ഒന്നും ചേർക്കാത്ത ഒരു വിഭവം . ഞാൻ എന്റെ സ്റ്റൈലിൽ ഒന്ന് പരീക്ഷിച്ചതാണ് . ട്യുണ മീനിൽ(ചൂര) കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെയും  തലച്ചോറിന്റെയും പ്രവർത്തനം സുഗമമാക്കാനും  സഹായിക്കുന്ന Omega-3 Fatty Acid ഉള്ളതിനാൽ ട്യുണ ആണ് ഞാൻ ഉപയോഗിച്ചത് .


വേണ്ട ചേരുവകൾ

മുള്ളില്ലാത്ത മീൻ -രണ്ടു കഷണം
കുരുമുളക് ചതച്ചത് -രണ്ടു സ്പൂണ്‍
നാരങ്ങാ നീര് -രണ്ടു സ്പൂണ്‍
കാപ്സിക്കം  നീളത്തിൽ അരിഞ്ഞത്-അര കപ്പ്
കൂണ്‍ വേവിച്ചത് -കാൽ കപ്പ്
സവാള അരിഞ്ഞത്-ഒരെണ്ണം
തക്കാളി കുരുകളഞ്ഞത്-ഒരെണ്ണം
സ്പ്രിംഗ് ഒനിയൻ അരിഞ്ഞത്-രണ്ടു സ്പൂണ്‍
മല്ലിയില അരിഞ്ഞത്-രണ്ടു സ്പൂണ്‍
ബ്രൊക്കോളി അരിഞ്ഞത്-രണ്ടു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-ഒരു സ്പൂണ്‍ 
ഉപ്പ്-പാകത്തിന്
മഞ്ഞൾ പൊടി-ഒരു നുള്ള്
ഒലിവ് ഓയിൽ -ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

മീൻ കഷണത്തിൽ ഒരു നുള്ള് മഞ്ഞൾപൊടി,അര സ്പൂണ്‍ നാരങ്ങാ നീര് , ഉപ്പ്, ഒരു സ്പൂണ്‍ കുരുമുളക് എന്നിവ പുരട്ടി പത്തു മിനിറ്റ് വെക്കുക (.ട്യുണ മീൻ ആണ് നല്ലത്. ഇത് കൊളസ്ട്രോൾ കുറയ്ക്കും ) . ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കുക . മീൻ കഷണങ്ങൾ ഒരു അലുമിനിയം ഫോയിൽ കൊണ്ട് നന്നായി പൊതിയുക . രണ്ടു മീൻകഷണങ്ങളും രണ്ടു പേപ്പറിൽ പൊതിയണം . പൊതിഞ്ഞ ശേഷം ഇടയ്ക്കു സ്റ്റിക്ക് കൊണ്ട് കുത്തി ചെറിയ തുളകൾ ഉണ്ടാക്കിയ ശേഷം ചൂടായി കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക്‌ ഇടുക. മീൻ പൊതി വെള്ളത്തിൽ മുങ്ങി കിടക്കണം .  ചെറിയ തീയിൽ ഒരു അഞ്ചോ-പത്തോ മിനിറ്റ് വേവിച്ച ശേഷം അടുപ്പിൽ നിന്നും വാങ്ങുക .
ഒരു പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കിയ ശേഷം വെളുത്തുള്ളി ഇടുക . ഒന്ന് വഴറ്റിയ ശേഷം ബാക്കി എല്ലാ പച്ചക്കറികളും ചേർത്ത് വീണ്ടും  ചെറുതായി വഴറ്റുക .(പച്ചക്കറികൾ അധികം വഴറ്റരുത്). കുരുമുളക്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ഇളക്കിയ ശേഷം വേവിച്ച മീൻ ഫോയിൽ പേപ്പർ മാറ്റിയ ശേഷം ഇതിലേക്ക് ഇടുക. ഒരു സ്പൂണ്‍ നാരങ്ങ നീരും മല്ലിയിലയും   ചേർത്ത് വാങ്ങാം .ചപ്പാത്തിക്കൊപ്പം കഴിക്കാം .

6/23/2013

Beef Pollichathu



വാഴയിലയിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ ഏപ്പോഴും രുചികരം തന്നെയാണ് . കുരുമുളകിന്റെയും ഉള്ളിയുടെയും രുചി വാഴയിലയുമായി ചേരുമ്പോൾ ഒരു പ്രത്യേക സ്വാദും മണവുമാണ് . മീനോ ചിക്കനൊ മാത്രം  അല്ല ബീഫ് വാഴയിലയിൽ പൊള്ളിക്കുന്നതും ഏറെ രുചികരം ആണ് . എരിവും പുളിയും ചേർന്ന എന്റെ പുതിയ പരീക്ഷണവിഭവം ആണ് ബീഫ് പൊള്ളിച്ചത് . ഉണ്ടാക്കിപ്പോൾ നല്ല അഭിപ്രായം ആണ് കഴിച്ചവർ തന്നത് . നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കു ..

ചേരുവകള്‍
 ബീഫ്  ഫില്ലെറ്റ്  -നാലെണ്ണം
സവാള പൊടിയായി അരിഞ്ഞത് -ഒരു കപ്പു
ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് -ഒരു സ്പൂണ്‍
തക്കാളി പൊടിയായി അരിഞ്ഞത് -ഒന്ന്
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -ഒരു സ്പൂണ്‍
കുരുമുളകുപൊടി -നാലു സ്പൂണ്‍
കുരുമുളക് അരച്ചത്‌ -രണ്ടു സ്പൂണ്‍
ഗരം മസാല -ഒരു സ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
വാഴയില -നാലെണ്ണം
വെളിച്ചെണ്ണ -പാകത്തിന്


തയ്യാറാക്കുന്ന വിധം
ബീഫ്  നാരങ്ങാ നീരോ വിനഗിരിയോ പുരട്ടി നന്നായി കഴുകി വൃത്തിയാക്കുക . ഇത് മീൻ വരയുന്നത് പോലെ രണ്ടു വശവും  വരയുക . മഞ്ഞൾ ,കുരുമുളക് , ഉപ്പ് , എന്നിവ ചേർത്ത് വേവിക്കുക . അതിനു ശേഷം ഒരു നുള്ള് ഗരം മസാല  ,കുരുമുളകുപൊടി   എന്നിവ പുരട്ടി ചെറുതായി എണ്ണയിൽ വറുക്കുക . അധികം വരുക്കരുത്
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള ,ഇഞ്ചി,വെളുത്തുള്ളി എന്നിവ വഴറ്റുക . തക്കാളി അരിഞ്ഞതും ചേർക്കുക . കറിവേപ്പില ചേർക്കുക . നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾ ,മുളക്, കുരുമുളക് അരച്ചത്‌ ,കുരുമുളക് പൊടി , എന്നിവ ചേർത്ത് നന്നായി വഴട്ടുക. പാകത്തിന് ഉപ്പു ചേർത്ത് ഒരു പത്ത് -പതിനഞ്ച് മിനിറ്റ് നന്നായി വഴറ്റിയ ശേഷം ഗരം മസാല ചേർത്ത് വീണ്ടും വഴറ്റുക . ഇതിലേക്ക് അൽപ്പം വെള്ളം ചേർക്കുക .(തേങ്ങാ പാൽ ചേർത്താലും മതി . ഞാൻ വെള്ളം ആണ് ചേർത്തത് ). അധികം ഗ്രേവി ഇല്ലാതെ മസാല നന്നായി കുറുകിയിരിക്കണം .

വാഴയില നന്നായി വാട്ടിയ ശേഷം അതിലേക്ക് വറുത്തു വെച്ച ഒരു ബീഫ് കഷണം എടുത്തു രണ്ടു വശവും തയ്യാറാക്കിയ മസാല നന്നായി പുരട്ടുക . അതിനു ശേഷം വാഴ നാര് ഉപയോഗിച്ച് ഇല നന്നായി പൊതിഞ്ഞു കെട്ടുക . (ഇങ്ങനെ മുഴുവൻ കഷണങ്ങളും വാഴയിലയിൽ പൊതിയുക . ചീന ചട്ടിയിൽ അൽപ്പം എണ്ണ ചൂടാക്കി അതിനു മുകളിലേക്ക് ഓരോ പൊതിയും എടുത്തു വെക്കുക . ഇടയ്ക്കു മറിച്ച് ഇടണം . അഞ്ച് മിനിറ്റ് മതിയാകും  റെഡി ആകാൻ . തീ വളരെ കുറച്ചു മതി . സലാഡ് കൂട്ടി ചൂടോടെ കഴിക്കാം . 

6/04/2013

Chicken with Vegetables


ഇത് എന്റെ പുതിയ ഒരു പരീക്ഷണം ആണ് .അല്പ്പം എരിവ് കൂടുതൽ ആണ് . എങ്കിലും ഉണ്ടാക്കുമ്പോൾ അവരവരുടെ പാകത്തിന് അനുസരിച്ച് എരിവ് ഇട്ടാൽ മതി .

ചേരുവകൾ 

ചിക്കൻ ചെറിയ കഷണങ്ങൾ ആക്കിയത് -അര കിലോ
കോളി ഫ്ലവർ വൃത്തിയാക്കിയത് -അര കപ്പ്
കാരറ്റ് -ഒരു വലുത്
ഉരുളകിഴങ്ങ് -ഒരെണ്ണം

സവാള-കാൽ കപ്പ്
തക്കാളി -ഒരു വലുത്
കാപ്സിക്കം -ഒരു ചെറുത്‌
പച്ചമുളക് -മൂന്നെണ്ണം
ഇഞ്ചി ചതച്ചത് -ഒരു ചെറിയ കഷണം
വെളുത്തുള്ളി ചതച്ചത് -നാലെണ്ണം
മുളകുപൊടി -മൂന്നു സ്പൂണ്‍
മഞ്ഞൾപൊടി -കാൽ ടീസ്പൂണ്‍
മല്ലിപൊടി -രണ്ടു സ്പൂണ്‍
ഗരം മസാല -കാൽ സ്പൂണ്‍
ചിക്കൻ മസാല -ഒരു സ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
ഉപ്പ് -പാകത്തിന്
എണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

എല്ലാ പച്ചക്കറികളും ചെറിയ കഷണങ്ങൾ ആക്കി അരിയുക .ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി , പച്ചമുളക് ,കറിവേപ്പില എന്നിവ വഴറ്റി പച്ചമണം മാറുമ്പോൾ അരിഞ്ഞുവെച്ച മുഴുവൻ പച്ചക്കറികളും ഇട്ടു അഞ്ചു മിനിറ്റ് നന്നായി വഴറ്റുക . ഇതിലേക്ക് മുളകുപൊടി ,മല്ലിപൊടി ,മഞ്ഞൾപൊടി ,ചിക്കൻ മസാല ,ഗരം മസാല എന്നിവ ഇട്ടു നന്നായി വഴറ്റി പാകത്തിന് ഉപ്പു ചേർക്കുക .ചിക്കൻ കഷണങ്ങൾ കൂടി ചേർത്ത് ഒന്ന് കൂടി വഴറ്റിയ ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് ചിക്കൻ വേവിക്കുക .ചിക്കൻ വെന്ത് ചാറ്  കുറുകുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങാം . എരിവു അധികം വേണ്ടാത്തവർ കറി തയ്യാറായി കഴിയുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുമ്പ് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് വാങ്ങുക . ചപ്പാത്തി / അപ്പം/ പുട്ട് എന്നിവയ്ക്കൊപ്പം കഴിക്കാം .




6/03/2013

Mampazha Pulisseri

ചേരുവകൾ 

ചെറിയ പഴുത്ത മാമ്പഴം -നാലെണ്ണം 
പുളിയുള്ള കട്ടിയുള്ള മോര് അല്ലെങ്കിൽ തൈര് -രണ്ടു കപ്പ് 
ശർക്കര -ഒരു ചെറുത്‌ 
പച്ചമുളക് -അഞ്ചെണ്ണം 
മഞ്ഞൾപൊടി -കാൽ ടീസ്പൂണ്‍ 
ജീരകം -കാൽ സ്പൂണ്‍ 
തേങ്ങ ചിരകിയത് -ഒരു മുറി 
കടുക് -അര സ്പൂണ്‍ 
വറ്റൽ മുളക് -നാലെണ്ണം 
ഉലുവ -ഒരു നുള്ള് 
ജീരകം-ഒരു നുള്ള് 
വെളിച്ചെണ്ണ -രണ്ടു സ്പൂണ്‍ 
കറിവേപ്പില -രണ്ടു തണ്ട് 

തയ്യാറാക്കുന്ന വിധം

മാമ്പഴം തൊലി കളഞ്ഞു മഞ്ഞൾപൊടിയും പച്ചമുളകും ഉപ്പും അല്പ്പം വെള്ളവും ചേർത്ത് വേവിക്കുക . മാമ്പഴം വെന്തു കഴിയുമ്പോൾ അതിലേക്കു ശർക്കര പൊടിച്ച് ചേർക്കുക .ഒട്ടും വെള്ളം ചേർക്കാതെ തേങ്ങയും ജീരകവും ചേർത്ത് നന്നായി അരച്ച് ഇതിലേക്ക് ചേർക്കുക .അരപ്പ് തിളച്ചു വരുമ്പോൾ മോര് അല്ലെങ്കിൽ കട്ടിയുള്ള തൈര് ചേർക്കുക .ചെറുതായി ഒന്ന് ഇളക്കിയ ശേഷം പെട്ടെന്ന് തന്നെ അടുപ്പിൽ നിന്നും വാങ്ങുക .മോര് ഒഴിച്ച ശേഷം തിളക്കരുത് .ഉപ്പു പാകത്തിന് ചേർക്കുക .ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്കു കടുക്,ജീരകം, ഉലുവ, വറ്റൽ മുളക് ,കറിവേപ്പില എന്നിവ താളിച്ച  ശേഷം കറിയിൽ ചേർക്കാം .മണ്‍ ചട്ടിയിൽ മോര് കറി ഉണ്ടാക്കിയാൽ കൂടുതൽ രുചി കിട്ടും 

Egg Roast

വേണ്ട സാധനങ്ങൾ 

മുട്ട -മൂന്നെണ്ണം
സവാള അരിഞ്ഞത് -ഒരു കപ്പ്
ഇഞ്ചി -ഒരു വലിയ കഷണം
വെളുത്തുള്ളി -നാലെണ്ണം
പച്ചമുളക്-മൂന്നെണ്ണം
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ -ഒരു സ്പൂണ്‍
മുളക് പൊടി -ഒരു വലിയ സ്പൂണ്‍
മഞ്ഞൾ പൊടി -കാൽ ടീസ്പൂണ്‍
ഗരം മസാല -അര സ്പൂണ്‍ 
മല്ലിപൊടി -രണ്ടു സ്പൂണ്‍ 
തക്കാളി സോസ് -ഒരു സ്പൂണ്‍ 
കടുക് -ഒരു ചെറിയ സ്പൂണ്‍ 
വറ്റൽ മുളക് -രണ്ടെണ്ണം 
കറിവേപ്പില -ഒരു തണ്ട് 
ഉപ്പു- പാകത്തിന് 
വെളിച്ചെണ്ണ -ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം 

പാത്രത്തിൽ വെള്ളം തിളപ്പിച്ച്‌ അല്പ്പം ഉപ്പ് ചേർത്ത് മുട്ട വേവിക്കുക .ഒരു പാനിൽ എണ്ണ ചൂടാക്കി ആദ്യം കടുക്, വറ്റൽ മുളക് ,കറിവേപ്പില വഴറ്റുക . ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക്,ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌  എന്നിവ വഴറ്റി പച്ച മണം മാറുമ്പോൾ സവാള ചേർത്ത് നന്നായി ഒരു പത്തു മിനിറ്റ് എങ്കിലും വഴറ്റണം . ഇതിലേക്ക് മഞ്ഞൾപൊടി ,മുളകുപൊടി ,മല്ലിപൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റുക .ഗരം മസാല പാകത്തിന് ഉപ്പു എന്നിവ ചേർത്ത് ഒന്ന് കൂടി വഴറ്റിയ ശേഷം തക്കാളി സോസ് ചേർക്കുക .അര കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക . ചാറ് കുറുകി വരുമ്പോൾ വേവിച്ചു വെച്ച മുട്ടയുടെ തോട് മാറ്റിയ ശേഷം കറിയിൽ ചേർത്ത് ഒന്ന് തിളച്ച ശേഷം വാങ്ങാം . വെള്ളത്തിന്‌ പകരം തേങ്ങ പാൽ ചേർത്താലും മതി .ചപ്പാത്തി / പാലപ്പം എന്നിവയ്ക്കൊപ്പം ചൂടോടെ കഴിക്കാം .