10/03/2012

Stuffed Chicken(Kozhi nirachathu )

ഒരു മുഴുവന്‍ ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഒരു നാരങ്ങ പിഴിഞ്ഞതോ അല്‍പ്പം വിനാഗിരിയോ ഉപയോഗിച്ച് വേണം ചിക്കന്‍ വൃത്തിയാക്കാന്‍. വൃത്തിയാക്കിയ ചിക്കെനില്‍ രണ്ടു സ്പൂണ്‍ മുളക് പൊടി, കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി,ഒരു സ്പൂണ്‍ കുരുമുളക് പൊടി, പാകത്തിന് ഉപ്പു , ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. 

മസാല ഉണ്ടാക്കുന്ന വിധം
സവാള പൊടിയായി അരിഞ്ഞത്-അര കപ്പു
ഇഞ്ചി, വെളുത്തുള്ളി  പൊടിയായി അരിഞ്ഞത്-ഒരു സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത്- കാല്‍ കപ്പു
കറിവേപ്പില- ഒരു തണ്ട്
കശുവണ്ടി പരിപ്പ്-നാലെണ്ണം
 ഉണക്ക മുന്തിരി- നാലെണ്ണം
പെരുംജീരകം- കാല്‍ സ്പൂണ്‍
മല്ലിയില- ഒരു പിടി
മുട്ട പുഴുങ്ങിയത്- ഒന്ന്
മുളകുപൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
മല്ലി പൊടി -ഒരു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
എണ്ണ-ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പെരുംജീരകം ഇട്ടു വഴറ്റുക. സവാള ഇടുക. സവാള പകുതി വഴന്നു കഴിയുമ്പോള്‍ അതിലേക്കു ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇടുക. കറിവേപ്പില, തക്കാളി, എന്നിവ ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, ഗരം മസാല, എന്നിവ ഇട്ടു വഴറ്റിയ ശേഷം കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി, പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേര്‍ക്കുക.മല്ലിയിലയും ചേര്‍ക്കുക.

ചിക്കന്‍ ഗ്രേവിക്ക്
സവാള അരിഞ്ഞത്- അര കപ്പു
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌- ഒരു സ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
തക്കാളി- ഒരെണ്ണം
കറിവേപ്പില- ഒരു തണ്ട്
മുളക് പൊടി- ഒരു സ്പൂണ്‍
മല്ലിപൊടി- ഒന്നര സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
പെരുംജീരക പൊടി-കാല്‍ സ്പൂണ്‍
ഉപ്പു-പാകത്തിന്
എണ്ണ- ആവശ്യത്തിനു
തേങ്ങ പാല്‍-- കാല്‍ കപ്പു  

തയ്യാറാക്കുന്ന വിധം
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി വെളുത്തുള്ളി അരച്ചത്‌, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ക്കുക. മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, ചിക്കന്‍ മസാല, പെരുംജീരക പൊടി , പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം പാകത്തിന് ഉപ്പും തേങ്ങ പാലും ചേര്‍ത്ത് വാങ്ങാം

ചിക്കന്‍ സ്റ്റഫ്‌ ചെയ്യുന്ന വിധം
മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കെന്റെ ഉള്ളില്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മസാല നിറയ്ക്കുക. ആദ്യം പുഴുങ്ങിയ മുട്ടയും അതിനു ശേഷം ബാക്കി മസാലയും നിറച്ച ശേഷം ചിക്കെന്റെ രണ്ടു കാലുകളും രണ്ടു കൈകളും കുക്കിംഗ് നൂല്‍ വെച്ച് കെട്ടുക.  ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയ ശേഷം ചിക്കന്‍ വറുത്തെടുക്കുക. ചിക്കന്‍ മുങ്ങി കിടക്കാന്‍ പാകത്തില്‍ എണ്ണ ഒഴിക്കണം. നന്നായി വറുത്ത ചിക്കെനില്‍ അല്‍പ്പം നാരങ്ങ നീര് ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന ഗ്രെവിയും ചേര്‍ത്ത് കഴിക്കാം.



2 comments:

how you feel it?