6/23/2013

Beef Pollichathu



വാഴയിലയിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ ഏപ്പോഴും രുചികരം തന്നെയാണ് . കുരുമുളകിന്റെയും ഉള്ളിയുടെയും രുചി വാഴയിലയുമായി ചേരുമ്പോൾ ഒരു പ്രത്യേക സ്വാദും മണവുമാണ് . മീനോ ചിക്കനൊ മാത്രം  അല്ല ബീഫ് വാഴയിലയിൽ പൊള്ളിക്കുന്നതും ഏറെ രുചികരം ആണ് . എരിവും പുളിയും ചേർന്ന എന്റെ പുതിയ പരീക്ഷണവിഭവം ആണ് ബീഫ് പൊള്ളിച്ചത് . ഉണ്ടാക്കിപ്പോൾ നല്ല അഭിപ്രായം ആണ് കഴിച്ചവർ തന്നത് . നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കു ..

ചേരുവകള്‍
 ബീഫ്  ഫില്ലെറ്റ്  -നാലെണ്ണം
സവാള പൊടിയായി അരിഞ്ഞത് -ഒരു കപ്പു
ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് -ഒരു സ്പൂണ്‍
തക്കാളി പൊടിയായി അരിഞ്ഞത് -ഒന്ന്
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -ഒരു സ്പൂണ്‍
കുരുമുളകുപൊടി -നാലു സ്പൂണ്‍
കുരുമുളക് അരച്ചത്‌ -രണ്ടു സ്പൂണ്‍
ഗരം മസാല -ഒരു സ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
വാഴയില -നാലെണ്ണം
വെളിച്ചെണ്ണ -പാകത്തിന്


തയ്യാറാക്കുന്ന വിധം
ബീഫ്  നാരങ്ങാ നീരോ വിനഗിരിയോ പുരട്ടി നന്നായി കഴുകി വൃത്തിയാക്കുക . ഇത് മീൻ വരയുന്നത് പോലെ രണ്ടു വശവും  വരയുക . മഞ്ഞൾ ,കുരുമുളക് , ഉപ്പ് , എന്നിവ ചേർത്ത് വേവിക്കുക . അതിനു ശേഷം ഒരു നുള്ള് ഗരം മസാല  ,കുരുമുളകുപൊടി   എന്നിവ പുരട്ടി ചെറുതായി എണ്ണയിൽ വറുക്കുക . അധികം വരുക്കരുത്
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള ,ഇഞ്ചി,വെളുത്തുള്ളി എന്നിവ വഴറ്റുക . തക്കാളി അരിഞ്ഞതും ചേർക്കുക . കറിവേപ്പില ചേർക്കുക . നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾ ,മുളക്, കുരുമുളക് അരച്ചത്‌ ,കുരുമുളക് പൊടി , എന്നിവ ചേർത്ത് നന്നായി വഴട്ടുക. പാകത്തിന് ഉപ്പു ചേർത്ത് ഒരു പത്ത് -പതിനഞ്ച് മിനിറ്റ് നന്നായി വഴറ്റിയ ശേഷം ഗരം മസാല ചേർത്ത് വീണ്ടും വഴറ്റുക . ഇതിലേക്ക് അൽപ്പം വെള്ളം ചേർക്കുക .(തേങ്ങാ പാൽ ചേർത്താലും മതി . ഞാൻ വെള്ളം ആണ് ചേർത്തത് ). അധികം ഗ്രേവി ഇല്ലാതെ മസാല നന്നായി കുറുകിയിരിക്കണം .

വാഴയില നന്നായി വാട്ടിയ ശേഷം അതിലേക്ക് വറുത്തു വെച്ച ഒരു ബീഫ് കഷണം എടുത്തു രണ്ടു വശവും തയ്യാറാക്കിയ മസാല നന്നായി പുരട്ടുക . അതിനു ശേഷം വാഴ നാര് ഉപയോഗിച്ച് ഇല നന്നായി പൊതിഞ്ഞു കെട്ടുക . (ഇങ്ങനെ മുഴുവൻ കഷണങ്ങളും വാഴയിലയിൽ പൊതിയുക . ചീന ചട്ടിയിൽ അൽപ്പം എണ്ണ ചൂടാക്കി അതിനു മുകളിലേക്ക് ഓരോ പൊതിയും എടുത്തു വെക്കുക . ഇടയ്ക്കു മറിച്ച് ഇടണം . അഞ്ച് മിനിറ്റ് മതിയാകും  റെഡി ആകാൻ . തീ വളരെ കുറച്ചു മതി . സലാഡ് കൂട്ടി ചൂടോടെ കഴിക്കാം . 

6/04/2013

Chicken with Vegetables


ഇത് എന്റെ പുതിയ ഒരു പരീക്ഷണം ആണ് .അല്പ്പം എരിവ് കൂടുതൽ ആണ് . എങ്കിലും ഉണ്ടാക്കുമ്പോൾ അവരവരുടെ പാകത്തിന് അനുസരിച്ച് എരിവ് ഇട്ടാൽ മതി .

ചേരുവകൾ 

ചിക്കൻ ചെറിയ കഷണങ്ങൾ ആക്കിയത് -അര കിലോ
കോളി ഫ്ലവർ വൃത്തിയാക്കിയത് -അര കപ്പ്
കാരറ്റ് -ഒരു വലുത്
ഉരുളകിഴങ്ങ് -ഒരെണ്ണം

സവാള-കാൽ കപ്പ്
തക്കാളി -ഒരു വലുത്
കാപ്സിക്കം -ഒരു ചെറുത്‌
പച്ചമുളക് -മൂന്നെണ്ണം
ഇഞ്ചി ചതച്ചത് -ഒരു ചെറിയ കഷണം
വെളുത്തുള്ളി ചതച്ചത് -നാലെണ്ണം
മുളകുപൊടി -മൂന്നു സ്പൂണ്‍
മഞ്ഞൾപൊടി -കാൽ ടീസ്പൂണ്‍
മല്ലിപൊടി -രണ്ടു സ്പൂണ്‍
ഗരം മസാല -കാൽ സ്പൂണ്‍
ചിക്കൻ മസാല -ഒരു സ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
ഉപ്പ് -പാകത്തിന്
എണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

എല്ലാ പച്ചക്കറികളും ചെറിയ കഷണങ്ങൾ ആക്കി അരിയുക .ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി , പച്ചമുളക് ,കറിവേപ്പില എന്നിവ വഴറ്റി പച്ചമണം മാറുമ്പോൾ അരിഞ്ഞുവെച്ച മുഴുവൻ പച്ചക്കറികളും ഇട്ടു അഞ്ചു മിനിറ്റ് നന്നായി വഴറ്റുക . ഇതിലേക്ക് മുളകുപൊടി ,മല്ലിപൊടി ,മഞ്ഞൾപൊടി ,ചിക്കൻ മസാല ,ഗരം മസാല എന്നിവ ഇട്ടു നന്നായി വഴറ്റി പാകത്തിന് ഉപ്പു ചേർക്കുക .ചിക്കൻ കഷണങ്ങൾ കൂടി ചേർത്ത് ഒന്ന് കൂടി വഴറ്റിയ ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് ചിക്കൻ വേവിക്കുക .ചിക്കൻ വെന്ത് ചാറ്  കുറുകുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങാം . എരിവു അധികം വേണ്ടാത്തവർ കറി തയ്യാറായി കഴിയുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുമ്പ് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് വാങ്ങുക . ചപ്പാത്തി / അപ്പം/ പുട്ട് എന്നിവയ്ക്കൊപ്പം കഴിക്കാം .




6/03/2013

Mampazha Pulisseri

ചേരുവകൾ 

ചെറിയ പഴുത്ത മാമ്പഴം -നാലെണ്ണം 
പുളിയുള്ള കട്ടിയുള്ള മോര് അല്ലെങ്കിൽ തൈര് -രണ്ടു കപ്പ് 
ശർക്കര -ഒരു ചെറുത്‌ 
പച്ചമുളക് -അഞ്ചെണ്ണം 
മഞ്ഞൾപൊടി -കാൽ ടീസ്പൂണ്‍ 
ജീരകം -കാൽ സ്പൂണ്‍ 
തേങ്ങ ചിരകിയത് -ഒരു മുറി 
കടുക് -അര സ്പൂണ്‍ 
വറ്റൽ മുളക് -നാലെണ്ണം 
ഉലുവ -ഒരു നുള്ള് 
ജീരകം-ഒരു നുള്ള് 
വെളിച്ചെണ്ണ -രണ്ടു സ്പൂണ്‍ 
കറിവേപ്പില -രണ്ടു തണ്ട് 

തയ്യാറാക്കുന്ന വിധം

മാമ്പഴം തൊലി കളഞ്ഞു മഞ്ഞൾപൊടിയും പച്ചമുളകും ഉപ്പും അല്പ്പം വെള്ളവും ചേർത്ത് വേവിക്കുക . മാമ്പഴം വെന്തു കഴിയുമ്പോൾ അതിലേക്കു ശർക്കര പൊടിച്ച് ചേർക്കുക .ഒട്ടും വെള്ളം ചേർക്കാതെ തേങ്ങയും ജീരകവും ചേർത്ത് നന്നായി അരച്ച് ഇതിലേക്ക് ചേർക്കുക .അരപ്പ് തിളച്ചു വരുമ്പോൾ മോര് അല്ലെങ്കിൽ കട്ടിയുള്ള തൈര് ചേർക്കുക .ചെറുതായി ഒന്ന് ഇളക്കിയ ശേഷം പെട്ടെന്ന് തന്നെ അടുപ്പിൽ നിന്നും വാങ്ങുക .മോര് ഒഴിച്ച ശേഷം തിളക്കരുത് .ഉപ്പു പാകത്തിന് ചേർക്കുക .ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്കു കടുക്,ജീരകം, ഉലുവ, വറ്റൽ മുളക് ,കറിവേപ്പില എന്നിവ താളിച്ച  ശേഷം കറിയിൽ ചേർക്കാം .മണ്‍ ചട്ടിയിൽ മോര് കറി ഉണ്ടാക്കിയാൽ കൂടുതൽ രുചി കിട്ടും 

Egg Roast

വേണ്ട സാധനങ്ങൾ 

മുട്ട -മൂന്നെണ്ണം
സവാള അരിഞ്ഞത് -ഒരു കപ്പ്
ഇഞ്ചി -ഒരു വലിയ കഷണം
വെളുത്തുള്ളി -നാലെണ്ണം
പച്ചമുളക്-മൂന്നെണ്ണം
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ -ഒരു സ്പൂണ്‍
മുളക് പൊടി -ഒരു വലിയ സ്പൂണ്‍
മഞ്ഞൾ പൊടി -കാൽ ടീസ്പൂണ്‍
ഗരം മസാല -അര സ്പൂണ്‍ 
മല്ലിപൊടി -രണ്ടു സ്പൂണ്‍ 
തക്കാളി സോസ് -ഒരു സ്പൂണ്‍ 
കടുക് -ഒരു ചെറിയ സ്പൂണ്‍ 
വറ്റൽ മുളക് -രണ്ടെണ്ണം 
കറിവേപ്പില -ഒരു തണ്ട് 
ഉപ്പു- പാകത്തിന് 
വെളിച്ചെണ്ണ -ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം 

പാത്രത്തിൽ വെള്ളം തിളപ്പിച്ച്‌ അല്പ്പം ഉപ്പ് ചേർത്ത് മുട്ട വേവിക്കുക .ഒരു പാനിൽ എണ്ണ ചൂടാക്കി ആദ്യം കടുക്, വറ്റൽ മുളക് ,കറിവേപ്പില വഴറ്റുക . ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക്,ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌  എന്നിവ വഴറ്റി പച്ച മണം മാറുമ്പോൾ സവാള ചേർത്ത് നന്നായി ഒരു പത്തു മിനിറ്റ് എങ്കിലും വഴറ്റണം . ഇതിലേക്ക് മഞ്ഞൾപൊടി ,മുളകുപൊടി ,മല്ലിപൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റുക .ഗരം മസാല പാകത്തിന് ഉപ്പു എന്നിവ ചേർത്ത് ഒന്ന് കൂടി വഴറ്റിയ ശേഷം തക്കാളി സോസ് ചേർക്കുക .അര കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക . ചാറ് കുറുകി വരുമ്പോൾ വേവിച്ചു വെച്ച മുട്ടയുടെ തോട് മാറ്റിയ ശേഷം കറിയിൽ ചേർത്ത് ഒന്ന് തിളച്ച ശേഷം വാങ്ങാം . വെള്ളത്തിന്‌ പകരം തേങ്ങ പാൽ ചേർത്താലും മതി .ചപ്പാത്തി / പാലപ്പം എന്നിവയ്ക്കൊപ്പം ചൂടോടെ കഴിക്കാം .