10/31/2012

Sweet corn chicken soup

ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങള്‍- -അര കപ്പു
സ്വീറ്റ് കോണ്‍ -രണ്ടു സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്- ഒരു ചെറുത്‌
വെളുത്തുള്ളി അരച്ചത്‌- ഒരു സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്-ഒരു സ്പൂണ്‍
മുട്ടയുടെ വെള്ള- ഒന്ന്
വൈറ്റ് പെപ്പെര്‍--- ഒരു സ്പൂണ്‍
വിനഗെര്‍- അര ടീസ്പൂണ്‍
ഉപ്പു- പാകത്തിന്
കോണ്‍ ഫ്ലവര്‍--   രണ്ടു സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം
സവാള, പച്ചമുളക്, വെളുത്തുള്ളി, മുട്ടയുടെ വെള്ള, വിനഗെര്‍, ചിക്കന്‍ എന്നിവ രണ്ടു കപ്പു വെള്ളത്തില്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുക. രണ്ടു വിസില്‍ വന്നു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി തണുത്ത ശേഷം ചിക്കന്‍ കഷണങ്ങള്‍ എടുത്തു ചെറുതായി അരിഞ്ഞിടുക. ഇതിലേക്ക് സ്വീറ്റ് കോണ്‍ ഇട്ടു ഒന്ന് തിളപ്പിച്ച ശേഷം ചിക്കന്‍ സ്റ്റോക്ക് ഉപയോഗിച്ച് തന്നെ കോണ്‍ ഫ്ലവര്‍ കലക്കി ഇതില്‍ ഒഴിക്കുക. വൈറ്റ് പെപ്പെര്‍, പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് ചൂടോടെ കഴിക്കാം. 

Prawns fry


ചേരുവകള്‍
ചെമ്മീന്‍ - അര കിലോ
സവാള അരിഞ്ഞത്-ഒരു കപ്പു
ഇഞ്ചി ചതച്ചത്-ഒരു സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്- ഒരു സ്പൂണ്‍
മുളക് പൊടി-രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
കുരുമുളക് പൊടി- രണ്ടു സ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
തേങ്ങ കൊത്ത്-കാല്‍ കപ്പു
ഉപ്പു-പാകത്തിന്
എണ്ണ-ആവശ്യത്തിനു 
കറിവേപ്പില-ഒരു തണ്ട്

തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ ചെമ്മീനില്‍ മുളകുപൊടി, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പു എന്നിവ പുരട്ടി ഒരു മണികൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. പച്ച മണം മാറിയ ശേഷം തേങ്ങ കൊത്ത് ഇട്ടു വഴറ്റുക.നന്നായി വഴന്നു കഴിയുമ്പോള്‍ സവാള ചേര്‍ക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ അല്‍പ്പം മുളക് പൊടി, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, എന്നിവ ചേര്‍ത്ത് ഇളക്കിയ ശേഷം വറുത്തു വെച്ചിരിക്കുന്ന ചെമ്മീനും ചേര്‍ത്ത് രണ്ടു മിനിറ്റ് കൂക്ക് ചെയ്തു പാകത്തിന് ഉപ്പും ചേര്‍ത്ത് കറിവേപ്പില ചേര്‍ത്ത് വാങ്ങാം.  

10/23/2012

Chicken biriyani

ചേരുവകള്‍
ചിക്കന്‍ -ഒരു കിലോ
ബസുമതി റൈസ് -രണ്ടു കപ്പു
സവാള-ഒരു കപ്പു
ഇഞ്ചി- ഒരു വലിയ കഷണം
വെളുത്തുള്ളി- പത്തെണ്ണം
പച്ചമുളക്-പത്തെണ്ണം
കാരറ്റ് -കാല്‍ കപ്പു ചെറുതായി അരിഞ്ഞത് 
മുളകുപൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി-അര സ്പൂണ്‍
ഗരം മസാല-ഒരു സ്പൂണ്‍
കുരുമുളക് പൊടി- അര സ്പൂണ്‍
മല്ലിയില- ഒരു പിടി
ഗ്രാമ്പു- നാലെണ്ണം
ഏലക്ക-രണ്ടെണ്ണം
കറുവാപട്ട-രണ്ടെണ്ണം 
പുതിനയില- ഒരു പിടി
തൈര്-രണ്ടു സ്പൂണ്‍
നാരങ്ങ നീര്- ഒരു സ്പൂണ്‍
തക്കാളി -ഒരു  ചെറുത്‌
തക്കാളി സോസ്-ഒരു സ്പൂണ്‍
കശുവണ്ടി പരിപ്പ്-അഞ്ചെണ്ണം
കിസ് മിസ്‌ -അഞ്ചെണ്ണം
ഉപ്പു- പാകത്തിന്
നെയ്യ്-നാലു സ്പൂണ്‍
എണ്ണ-രണ്ടു സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ബസുമതി അരി ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവിക്കുക (ഒരു കപ്പു അരിക്ക് രണ്ടു കപ്പു വെള്ളം എന്ന കണക്കില്‍ വെള്ളം  എടുത്താലും മതി ).അരി വേവിക്കുന്ന വെള്ളം തിളക്കുമ്പോള്‍ അതിലേക്കു ഗ്രാമ്പു, ഏലക്കായ, കറുവാപട്ട, ഒരു സ്പൂണ്‍ നെയ്യ്, ഒരു സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി ചതച്ചത് ,പാകത്തിന് ഉപ്പു, എന്നിവ ചേര്‍ത്ത് വേണം അരി വേവിക്കാന്‍.  അരി അധികം വെന്തു പോകാതെ എടുക്കണം. 
 ചിക്കന്‍  കഷണങ്ങളില്‍ അല്‍പ്പം മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പു, ഗരം മസാല എന്നിവ പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം വറുത്തെടുക്കുക.ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക. ഒരു പാനില്‍ നെയ്യ്, ഒരു സ്പൂണ്‍ എണ്ണ എന്നിവ ഒഴിച്ച് ചൂടാക്കിയ ശേഷം ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റി പച്ച മണം മാറിയ ശേഷം സവാള അരിഞ്ഞത് ചേര്‍ത്ത്  വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍ പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴന്നു വരുമ്പോള്‍ തക്കാളി സോസ് , മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. മസാല കൂട്ട് നന്നായി മൂത്ത് മണം വരുമ്പോള്‍ തൈര്, ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവയും വറുത്തു വെച്ച ചിക്കന്‍ കഷണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. ഗ്രേവി വേണമെന്നുള്ളവര്‍ അല്‍പ്പം വെള്ളം കൂടി ചേര്‍ത്ത് കുറുക്കി എടുത്താല്‍ മതി.  
ബിരിയാണി ചെമ്പില്‍ നെയ്യ് ചൂടാക്കി അതിലേക്കു കാരറ്റ് അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. തയ്യാറാക്കി വെച്ച ചിക്കന്‍ കഷണങ്ങള്‍ കുറച്ചു ഇതിലേക്ക് ഇടുക. അതിനു മുകളിലായി വേവിച്ചു വെച്ച ചോറ്, വീണ്ടും ചിക്കന്‍ അങ്ങനെ ഓരോ ലെയര്‍ ആയി ചോറും ചിക്കനും ഇടുക. ഏറ്റവും മുകളിലായി ഒരു സവാള അരിഞ്ഞു നെയ്യില്‍ വറുത്ത് ഇടുക. കശുവണ്ടിയും കിസ് മിസ്സും നെയ്യില്‍ വറുത്തു മുകളില്‍ വിതറുക. അടപ്പ് കൊണ്ട് മൂടി ഒരു മിനിറ്റ് കൂടി വേവിച്ച ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. 

10/20/2012

Chicken curry


ചേരുവകള്‍
ചിക്കന്‍ -അര കിലോ 
സവാള അരിഞ്ഞത്- ഒരു കപ്പു
ഇഞ്ചി അരിഞ്ഞത്-ഒരു സ്പൂണ്‍ 
വെളുത്തുള്ളി അരിഞ്ഞത്- ഒരു സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌- രണ്ടു സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- ഒരു സ്പൂണ്‍
തക്കാളി- ഒന്ന്
മുളക് പൊടി-നാലു സ്പൂണ്‍
മഞ്ഞള്‍ പൊടി-കാല്‍ ടീസ്പൂണ്‍
മല്ലി പൊടി-രണ്ടു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
കറിവേപ്പില-ഒരു തണ്ട്
എണ്ണ-ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ എല്ലാം നന്നായി വഴറ്റുക. അതിലേക്കു മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, കറിവേപ്പില, ചിക്കന്‍ മസാല, ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റുക. തീ ഓഫ്‌ ചെയ്തു കൂട്ട് തണുത്ത ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഈ അരപ്പു ഇട്ടു ഒന്ന് വഴറ്റിയ ശേഷം ചിക്കന്‍ കഷണങ്ങളും അല്‍പ്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. ചാറ് കുറുകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത്  വാങ്ങാം. 

Broccoli Salad with chicken


ചേരുവകള്‍
ബ്രോക്കോളി അരിഞ്ഞത്-ഒരു കപ്പു
സവാള അരിഞ്ഞത്- കാല്‍ കപ്പു
ചിക്കന്‍ എല്ലില്ലാത്തത്-കാല്‍ കപ്പു 
കുരുമുളക് ചതച്ചത്-ഒരു സ്പൂണ്‍
ചില്ലി മയോണൈസ്- രണ്ടു സ്പൂണ്‍
മയോണൈസ്- ഒരു സ്പൂണ്‍ 
ഉപ്പു-പാകത്തിന്
വിനഗെര്‍- -ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം
 ചില്ലി മയോണൈസ്, മയോണൈസ്,വിനഗെര്‍ ,ഉപ്പു എന്നിവ യോജിപ്പിക്കുക.ചിക്കന്‍ ഉപ്പു, കുരുമുളക് എന്നിവ പുരട്ടി വറുത്തു ചെറിയതായി മുറിച്ചെടുക്കുക. ഒരു പാത്രത്തില്‍ ബ്രോകോളി,സവാള, കുരുമുളക്, ചിക്കന്‍ എന്നിവ യോജിപ്പിക്കുക. (ചിക്കെന് പകരം ബീഫ് ആയാലും നല്ലതാണ്).ഇതിലേക്ക് മയോണൈസ് കൂട്ടും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു മണികൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

10/11/2012

Chilly Prawns

ചേരുവകള്‍
ചെമ്മീന്‍- വൃത്തിയാക്കിയത്- അര കിലോ
സവാള അരിഞ്ഞത് -കാല്‍ കപ്പു
കാപ്സിക്കം അരിഞ്ഞത്- കാല്‍ കപ്പു
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌- ഒരു സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- ഒരു സ്പൂണ്‍
കുരുമുളക്- രണ്ടു സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്-ഒരു സ്പൂണ്‍
മുട്ട- ഒന്ന്
മൈദാ-ഒരു സ്പൂണ്‍
കോണ്‍ഫ്ലവര്‍-- - രണ്ടു  സ്പൂണ്‍
വിനഗെര്‍- ഒരു സ്പൂണ്‍
സോയ സോസ്-അര സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി സോസ്- അര സ്പൂണ്‍
തക്കാളി  സോസ്- ഒരു സ്പൂണ്‍
എണ്ണ- ആവശ്യത്തിനു
ഉപ്പു- പാകത്തിന്
മുളക് പൊടി- ഒരു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
സോയ സോസ്, തക്കാളി സോസ്, ഇഞ്ചി-വെളുത്തുള്ളി സോസ്, വിനാഗെര്‍ എന്നിവ ഉപ്പു ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഒരു സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മൈദാ, കോണ്‍ ഫ്ലവര്‍ ,ഒരു സ്പൂണ്‍ കുരുമുളക്, ഉപ്പു, മുട്ട എന്നിവ യോജിപ്പിച്ച് ചെമ്മീനില്‍ പുരട്ടി അര മണികൂര്‍ വെച്ച ശേഷം വറുത്തെടുക്കുക. ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി പച്ചമുളക് വഴറ്റുക. അതിലേക്കു സവാള ,ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം തയ്യാറാക്കി വെച്ച പേസ്റ്റും വറുത്ത ചെമ്മീനും ഇട്ടു വീണ്ടും വഴറ്റുക. ഇതിലേക്ക് കുരുമുളകും  വെളുത്തുള്ളി അരിഞ്ഞതും കാപ്സിക്കവും ചേര്‍ത്ത്  ചെറുതായി വഴറ്റുക. അല്‍പ്പം വെള്ളത്തില്‍ ഒരു സ്പൂണ്‍ കോണ്‍ ഫ്ലവര്‍ ചേര്‍ത്ത് കലക്കി ഒഴിച്ച് ഒരു മിനിറ്റ് കൂടി വഴറ്റിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. 


Capsicum Rice


ചേരുവകള്‍

ബസുമതി അരി-ഒരു കപ്പു
കാപ്സിക്കം ചെറുതായി  അരിഞ്ഞത്-അര കപ്പു
മുട്ട- ഒന്ന്
സവാള അരിഞ്ഞത്-കാല്‍ കപ്പു
കുരുമുളക് ചതച്ചത്- രണ്ടു സ്പൂണ്‍ 
ഉപ്പു- ആവശ്യത്തിനു
നെയ്യ്- രണ്ടു സ്പൂണ്‍
മല്ലിയില-രണ്ടു തണ്ട്
എണ്ണ-രണ്ടു സ്പൂണ്‍ 

ഉണ്ടാക്കുന്ന വിധം
അരി വേവിക്കുക. ഒരു പാനില്‍ രണ്ടു സ്പൂണ്‍ എണ്ണയും രണ്ടു സ്പൂണ്‍ നെയ്യും ഒഴിച്ച് ചൂടാക്കുക. അതിലേക്കു സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. പകുതി ബ്രൌണ്‍ നിറമാകുമ്പോള്‍ മുട്ട പൊട്ടിച്ചു ഒഴിക്കുക. നന്നായി ചിക്കി എടുക്കണം. ഇതിലേക്ക് കുരുമുളക് ചതച്ചതും കാപ്സിക്കവും ചേര്‍ത്ത് വഴറ്റിയ ശേഷം വേവിച്ചു വെച്ച ചോറ് ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്യുക. മല്ലിയില വിതറി അലങ്കരിക്കാം. 

10/04/2012

Dates Wine

ആവശ്യമായ സാധനങ്ങള്‍
പഴുത്ത ഈന്തപ്പഴം- അഞ്ചു കിലോ
സിട്രിക് ആസിഡ്- 62 എം. എല്‍.
പഞ്ചസാര- മൂന്നു കിലോ
തിളപ്പിച്ചാറിയ വെള്ളം- പതിനൊന്നു  ലിറ്റര്‍
യീസ്റ്റ്-രണ്ടര ടീസ്പ്പൂണ്‍
കറുവാപ്പട്ട ചതച്ചത് - നൂറു ഗ്രാം

തയ്യാറാക്കുന്ന വിധം
വൈന്‍ ഉണ്ടാക്കുന്നതിനുള്ള ഭരണി, മറ്റു പാത്രങ്ങള്‍ എല്ലാം ചൂട് വെള്ളത്തില്‍ കഴുകി തുടച്ചെടുക്കുക. ഈന്തപഴം കഴുകി കുരു കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞെടുക്കുക. വൃത്തിയാക്കി വെച്ചിരിക്കുന്ന വലിയ ഭരണിയില്‍ ആദ്യം ഈന്തപഴം ഇട്ട ശേഷം കുറേശ്ശെ പഞ്ചസാര ചേര്‍ക്കുക. അതിനു ശേഷം കുറച്ചു  തിളപ്പിച്ച്‌ ആറിയ വെള്ളം ഒഴിച്ച്  കൈകൊണ്ടു നന്നായി തിരുമ്മുക.   അതിനു ശേഷം മരതവി ഉപയോഗിച്ച് ഇളക്കുക. മുഴുവന്‍ പഞ്ചസാരയും ഈന്തപഴവുമായി യോജിപ്പിച്ച ശേഷം സിട്രിക് ആസിഡ് ചേര്‍ക്കുക. വീണ്ടും ഒരു തവണ ഇളക്കിയ ശേഷം യീസ്റ്റ് ചേര്‍ക്കുക. (യീസ്ടിനു പകരമായി നൂറു ഗ്രാം ഗോതമ്പ്  ചേര്‍ത്താലും മതി) കറുവാപ്പട്ട ചേര്‍ത്ത് മരതവി കൊണ്ട് വീണ്ടും ഇളക്കുക. ബാക്കി വെള്ളവും കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം വായു അധികം കടക്കാത്ത തരത്തില്‍ തുണി കൊണ്ട് ഭരണി കെട്ടിവെക്കുക. എല്ലാ ദിവസവും രാവിലെ അല്ലെങ്കില്‍ വൈകിട്ട് മരതവി ഉപയോഗിച്ച് ഒരു തവണ വൈന്‍ ഇളകി വെക്കണം.മുപ്പതു ദിവസത്തിന് ശേഷം തുണി ഉപയോഗിച്ച് അരിച്ചെടുത്ത്‌ വൈന്‍ കുപ്പിയിലാക്കി ഉപയോഗിക്കാം. എത്ര വര്ഷം വേണമെങ്കിലും വൈന്‍ ഭരണിയില്‍ തന്നെയോ അല്ലെങ്കില്‍ കുപ്പിയിലാക്കിയോ സൂക്ഷിക്കാം. പഴക്കം ചെല്ലുംതോറും വൈനിനു രുചി കൂടും.

10/03/2012

Stuffed Chicken(Kozhi nirachathu )

ഒരു മുഴുവന്‍ ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഒരു നാരങ്ങ പിഴിഞ്ഞതോ അല്‍പ്പം വിനാഗിരിയോ ഉപയോഗിച്ച് വേണം ചിക്കന്‍ വൃത്തിയാക്കാന്‍. വൃത്തിയാക്കിയ ചിക്കെനില്‍ രണ്ടു സ്പൂണ്‍ മുളക് പൊടി, കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി,ഒരു സ്പൂണ്‍ കുരുമുളക് പൊടി, പാകത്തിന് ഉപ്പു , ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. 

മസാല ഉണ്ടാക്കുന്ന വിധം
സവാള പൊടിയായി അരിഞ്ഞത്-അര കപ്പു
ഇഞ്ചി, വെളുത്തുള്ളി  പൊടിയായി അരിഞ്ഞത്-ഒരു സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത്- കാല്‍ കപ്പു
കറിവേപ്പില- ഒരു തണ്ട്
കശുവണ്ടി പരിപ്പ്-നാലെണ്ണം
 ഉണക്ക മുന്തിരി- നാലെണ്ണം
പെരുംജീരകം- കാല്‍ സ്പൂണ്‍
മല്ലിയില- ഒരു പിടി
മുട്ട പുഴുങ്ങിയത്- ഒന്ന്
മുളകുപൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
മല്ലി പൊടി -ഒരു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
എണ്ണ-ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പെരുംജീരകം ഇട്ടു വഴറ്റുക. സവാള ഇടുക. സവാള പകുതി വഴന്നു കഴിയുമ്പോള്‍ അതിലേക്കു ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇടുക. കറിവേപ്പില, തക്കാളി, എന്നിവ ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, ഗരം മസാല, എന്നിവ ഇട്ടു വഴറ്റിയ ശേഷം കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി, പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേര്‍ക്കുക.മല്ലിയിലയും ചേര്‍ക്കുക.

ചിക്കന്‍ ഗ്രേവിക്ക്
സവാള അരിഞ്ഞത്- അര കപ്പു
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌- ഒരു സ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
തക്കാളി- ഒരെണ്ണം
കറിവേപ്പില- ഒരു തണ്ട്
മുളക് പൊടി- ഒരു സ്പൂണ്‍
മല്ലിപൊടി- ഒന്നര സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
പെരുംജീരക പൊടി-കാല്‍ സ്പൂണ്‍
ഉപ്പു-പാകത്തിന്
എണ്ണ- ആവശ്യത്തിനു
തേങ്ങ പാല്‍-- കാല്‍ കപ്പു  

തയ്യാറാക്കുന്ന വിധം
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി വെളുത്തുള്ളി അരച്ചത്‌, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ക്കുക. മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, ചിക്കന്‍ മസാല, പെരുംജീരക പൊടി , പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം പാകത്തിന് ഉപ്പും തേങ്ങ പാലും ചേര്‍ത്ത് വാങ്ങാം

ചിക്കന്‍ സ്റ്റഫ്‌ ചെയ്യുന്ന വിധം
മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കെന്റെ ഉള്ളില്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മസാല നിറയ്ക്കുക. ആദ്യം പുഴുങ്ങിയ മുട്ടയും അതിനു ശേഷം ബാക്കി മസാലയും നിറച്ച ശേഷം ചിക്കെന്റെ രണ്ടു കാലുകളും രണ്ടു കൈകളും കുക്കിംഗ് നൂല്‍ വെച്ച് കെട്ടുക.  ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയ ശേഷം ചിക്കന്‍ വറുത്തെടുക്കുക. ചിക്കന്‍ മുങ്ങി കിടക്കാന്‍ പാകത്തില്‍ എണ്ണ ഒഴിക്കണം. നന്നായി വറുത്ത ചിക്കെനില്‍ അല്‍പ്പം നാരങ്ങ നീര് ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന ഗ്രെവിയും ചേര്‍ത്ത് കഴിക്കാം.



Easy fish curry

ചേരുവകള്‍
മീന്‍ വൃത്തിയാക്കിയത്- അര കിലോ
ഇഞ്ചി അരിഞ്ഞത്- ഒരു വലിയ കഷണം
വെളുത്തുള്ളി അരിഞ്ഞത്- ഒരു വലിയ സ്പൂണ്‍
മുളകുപൊടി- നാലു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- രണ്ടു സ്പൂണ്‍
കുരുമുളക് ചതച്ചത്-ഒരു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പു- പാകത്തിന്
കുടംപുളി- രണ്ടു കഷണം
എണ്ണ-ആവശ്യത്തിനു 
കടുക്- കാല്‍ സ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
ഉലുവ- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില ,ഉലുവ എന്നിവ ഇട്ടു തളിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളക് ചതച്ചത് എന്നിവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് കുടംപുളി കഷണങ്ങള്‍ ഇട്ടു അല്‍പ്പം വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. തിളച്ചു വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു ചാറ് കുറുകുമ്പോള്‍ കറിവേപ്പിലയും ഒരു സ്പൂണ്‍ എണ്ണയും ഒഴിച്ച് അടുപ്പില്‍ നിന്നും വാങ്ങാം.